ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി 5 മത്സരങ്ങൾ തോറ്റ ചെന്നൈ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. രാത്രി 8 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മറുവശത്ത് മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയാണ് ചെന്നൈയുടെ വരവ്. കഴിഞ്ഞ മത്സരത്തിലെ എംഎസ് ധോണിയുടെ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ. നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് കിംഗ്സ് 54 റൺസിന് സിഎസ്കെയെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും ഇതുവരെ 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 15 മത്സരങ്ങളിൽ ചെന്നൈ ജയിച്ചപ്പോൾ 11 കളികൾ പഞ്ചാബ് ജയിച്ചു.
വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം. രാത്രി 8.00 മുതലാണ് മത്സരം നടക്കുന്നത്, ഇതാണ് ഈ ഗ്രൗണ്ടിൽ മഞ്ഞ് വലിയ ഘടകമാകാൻ കാരണം. ടോസ് നേടി ആദ്യം ബൗൾ ചെയ്യാനാണ് ടീമുകൾ ആഗ്രഹിക്കുന്നത്. ആദ്യം ബൗൾ ചെയ്ത ടീമുകൾക്ക് മികച്ച റെക്കോർഡുണ്ടെന്നാണ് ഫീൽഡ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ടോസ് നിർണായകമാണ്.