തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫുട്ബോളിനും യോഗ്യത നേടാനാവാതെ ഇറ്റലി. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് യൂറോപ്യന്‍ ചാമ്ബ്യന്മാരുടെ മടക്കം.
പ്ലേ ഓഫ് സെമിയില്‍ ഇഞ്ചുറി ടൈമിലാണ് അസൂറിപ്പടയെ കണ്ണീരിലാഴ്ത്തിയ ഗോള്‍ പിറന്നത്.
ബോക്സിന് പുറത്ത് നിന്ന് അലക്സാണ്ടര്‍ ട്രാജ്കോവ്സ്കി അടിച്ച ലോംഗ് റേഞ്ചര്‍ ഷോട്ടാണ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡോണറുമയെ മറികടന്ന് സ്വപ്നങ്ങള്‍ തകര്‍ത്തത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പടയ്ക്ക് പ്ലേ ഓഫ് കളിക്കേണ്ട സ്ഥിതി വന്നത്.
നോര്‍ത്ത് മാസിഡോണിയയോടുള്ള ജീവന്മരണ പോരാട്ടത്തില്‍ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയെങ്കിലും ഭാഗ്യം തുണയ്ക്കാതെ പോയതാണ് തിരിച്ചടിയായത്. പോയ 2018 റഷ്യന്‍ ലോകകപ്പിനും ഇറ്റലിക്ക് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോളില്‍ ഉഗ്രന്‍ പ്രകടനം കാഴ്ച്ചവെച്ച് കീരിടം സ്വന്തമാക്കി അസൂറികള്‍ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ഇറ്റലിക്കൊപ്പം പോര്‍ച്ചുഗലും ലോകകപ്പ് പ്ലേ ഓഫിനുണ്ടായിരുന്നു.
ഇറ്റലി പുറത്തായതോടെ ഇനി പോര്‍ച്ചുഗലിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായെന്നു പറയാം. ലോകകപ്പ് യോഗ്യതയ്ക്കായി അവസാന മത്സരത്തില്‍ ഇന്നത്തെ വിജയികളായ നോര്‍ത്ത് മാസിഡോണിയയെ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീം നേരിടുക.