പനാജി: ആരാധകരുടെ ആശങ്കകള്‍ക്കും കാത്തിരിപ്പിനും അവസാനമായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും സഞ്ജനയും വിവാഹിതരായി. മോഡലും സ്പോര്‍ട്സ് അവതാരകയുമാണ് സഞ്ജന ഗണേശ്. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.
ബുംറ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ചില ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബി.സി.സി.ഐ അവധി നല്കിയപ്പോള് തൊട്ട് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ വിലക്കുണ്ടായിരുന്നു. അതീവരഹസ്യമായി കല്യാണം നടത്തുന്നതിനായിരുന്നു ഇത്.
ഒടുവില്‍ ബുംറ തന്നെ ചിത്രങ്ങള്‍ പങ്കുവെച്ചു. ബുംറയ്ക്കും സഞ്ജനയ്ക്കും മംഗളാശംസകളുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി.