ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി കോടതി വിധി. ഡെപ്പിന് 15 ദശലക്ഷം ഡോളർ മുൻ ഭാര്യയായ ഹേർഡ് നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു. ‘പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍’ സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണി ഡെപ്പ്. ജൂറി തന്റെ ജീവിതം തിരികെ തന്നെന്നും താൻ സന്തോഷവാനാണെന്നും വിധിയ്ക്ക് ശേഷം ഡെപ്പ് പ്രതികരിച്ചു.
ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേർഡും തമ്മിലുള്ള കേസ് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ന് ശേഷം വേര്‍പിരിഞ്ഞിരുന്നു. 2018ല്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നു പറഞ്ഞതോടെ ഡെപ്പ് വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ആരോപണത്തിന് പിന്നാലെ ഡെപ്പിന്റെ സിനിമാകരിയറും ഏറെ ബാധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു ഡെപ്പ്.
ഈ കേസിന്റെ വിചാരണ നടന്നതിനിടെ ഹേഡിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ഡോ. ഷാനന് കെറി കോടതിയെ അറിയിച്ചത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഹേഡിന് ‘ഹിസ്ട്രിയോണിക് ആന്റ് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്ഡറുകള്’ ഉണ്ടെന്നാണ് ഡോക്ടര്‍ കോടതിയില്‍ വാദിച്ചത്. ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ്പ് കോടതിയെ അറിയിച്ചു. മുൻഭാര്യ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ജോണി ഡെപ്പ് കോടതിയില്‍ വെളിപ്പെടുത്തി.