പികെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറാകുമ്പോൾ ലീഗിനുള്ളിൽ തന്നെ കലാപ കൊടി ഉയരുകയാണ്. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനിൽക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു.കോഴിക്കോട് കുറ്റ്യാടിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവേയായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
ജനങ്ങള്‍ അറിഞ്ഞു കൊണ്ട് തെരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എം.എൽഎ ആകണം, പഞ്ചായത്ത് മെമ്പർ ആകണം എന്ന് പറയുമോയെന്ന് പേടിച്ച് നാമനിർദേശപത്രിക സമർപ്പിക്കുന്നത് വരെ അതിർത്തി കടന്ന് പോയ നേതാക്കളുള്ള പാർട്ടിയാണ് മുസ്ലിംലീഗെന്നും ഷാജി പറഞ്ഞു.