കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി വളരെ സങ്കീര്‍ണമായ പദ്ധതിയാണെന്നും പദ്ധതിയുടെ കാര്യത്തില്‍ തിരക്ക് വേണ്ട എന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.
സില്‍വര്‍ലൈന്‍ ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുത്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.അനുമതി നല്കുന്ന കാര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധവും കൂടി കണക്കിലെടുക്കുമെന്നും കേന്ദ്ര റയില്‍വെ മന്ത്രി അറിയിച്ചു.
കെ റയിലിന്റെ തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് റെയില്‍വെ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് രാജ്യസഭയെ അറിയിച്ചത്. 65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരു ലക്ഷം കോടി കടക്കും. സില്‍വര്‍ ലൈന്‍ റയില്‍പാതയില്‍ മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ പറ്റില്ല.
അത്തരം പ്രശ്നങ്ങള്‍ക്ക് പുറമെ ആവാസ വ്യവസ്ഥയുടെ പ്രശ്നങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. ശരിയായി ആലോചിച്ച് വേണം മുന്നോട്ട് പോകാന്‍. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂര്‍വകമാകും. മനസില്‍ ഒരു സംശയവും വേണ്ട. കേന്ദ്രം നല്ലതും നീതിപൂര്‍വകവുമായ ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.