മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കണമെന്ന് കെ സുധാകരന് മേല്‍ ശക്തമായ സമ്മര്‍ദം. ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സുധാകരന്റെ വീട്ടിലെത്തി ആവശ്യം ഉന്നയിക്കുകയുണ്ടായി. സുധാകരന് ധര്‍മടത്ത് മത്സരിക്കണമെന്നാണ് അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. പിന്നാലെ സുധാകരനെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞതിങ്ങനെ-
“ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ പറ്റുമോ? എനിക്കിത് നേതാക്കളും പ്രവര്‍ത്തകരുമായി ആലോചിക്കണം. ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോള്‍ ഒറ്റയടിക്ക് ഇല്ലെന്ന് പറയാന്‍ പറ്റുമോ? പല ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ട്. വരുംവരായ്കകള്‍ ആലോചിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും”.
ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്ന സസ്പെന്‍സ് തുടരുകയാണ്. ഫോര്‍വേഡ് ബ്ലോക്കിന് നല്കിയ സീറ്റ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസിന് കൈമാറുകയായിരുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന നടന്നു. എന്നാല്‍ പ്രദേശിക നേതൃത്വം എതിര്‍ത്തതോടെ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചു.
പിന്നാലെയാണ് കെ സുധാകരന്റെ പേരും ഉയര്‍ന്നുകേട്ടത്. എന്നാല്‍ ധര്‍മടത്ത് സ്ഥാനാര്‍ഥിയാകാനില്ലെന്ന് കെ സുധാകരന് ഇന്നലെ രാത്രിയോടെ വ്യക്തമാക്കി. ഇന്ന് രാവിലെ സുധാകരന് മേല്‍ സ്ഥാനാര്‍ഥിയാകാന്‍ വീണ്ടും സമ്മര്‍ദമുണ്ടായതോടെയാണ് തീരുമാനം ഒരു മണിക്കൂറിനുള്ളിലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.