തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. മറ്റു പേരുകള്‍ ഒന്നും തന്നെ ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ഇല്ല. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമല്ല. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി തരിഖ് തേടിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നി നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.
കെ സുധാകരനെ എതിര്‍ത്തത് എംപിമാരായ വികെ ശ്രീകണ്ഠന്, അടൂര്‍ പ്രകാശ്, ബെന്നി ബഹ്നാന് എന്നിവരാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന് രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന് ലഭിച്ച നിര്‍ദ്ദേശം.
കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നത്.