നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവട്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ – എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
‘കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും പറയുമ്പോൾ ഞാൻ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കിൽ ഞാൻ തന്നെ സംസാരിക്കും.’- അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കങ്കണ മുക്തകണ്ഠം പ്രശംസിച്ചു. ‘പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി. അതിൽ സംശയമില്ല. നമ്മെ നയിക്കാൻ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.’ – അവർ പറഞ്ഞു