പനാജി: കണ്ണൂരില്‍ നിന്നും ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്.
37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും രണ്ടു ദിവസത്തെ പഠന യാത്ര കഴിഞ്ഞു വരുമ്പോള്‍ ഓള്‍ഡ് ഗോവയ്ക്ക് സമീപം സാവേലിയിലാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ബസില്‍ ഷോര്‍ട്ട് സര്ക്യൂട്ടുണ്ടായെന്നാണ് പ്രാഥമിക നിഗമനം
പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഞ്ചിനില്‍ നിന്ന് പുക വരുന്നുവെന്ന് ആളുകള്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ബസ് കത്താന്‍ തുടങ്ങിയതോടെയാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിച്ചേര്‍ന്നത്. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരങ്ങള്‍.