സനോജ് എ എസ് || SEPTEMBER 12,2021
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായത് പൈലറ്റ് നടപടി ക്രമങ്ങള്‍ പാലിച്ചതില്‍ പിഴവ് സംഭവിച്ചതിനാലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതിന് പുറമെ 16 കാരണങ്ങള്‍ അപകടത്തിന് പിന്നിലുള്ളതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റായ മാനവ വിഭവശേഷി നയം, മോശം ക്രൂ റിസോഴ്സ് മാനേജ്മെന്റ്, കാലാവസ്ഥാ മാറ്റങ്ങളുടെ അറിയിപ്പുകളുടെ അഭാവം, ലാന്‍ഡിങ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവുമെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അപകടസമയത്ത് വിമാനത്തില്‍ 190 പേര് ഉണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായില്‍ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പെട്ട് തകര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, “പിഎഫ് (പൈലറ്റ് ഫ്ലൈയിംഗ്- വിമാനം പറത്തിയ പൈലറ്റ്) എസ്ഒപി (സ്ഥിരം നടപടിക്രമങ്ങള്‍) പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്,” എന്ന് പറയുന്നു.
“വിമാനം പറത്തിയ പൈലറ്റ് സ്ഥിരതയില്ലാത്ത സമീപനം തുടരുകയും ടച്ച്ഡൗണ് സോണിന് അപ്പുറത്തേക്ക് ഇറങ്ങുകയും ചെയ്തു,” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. “റണ്‍വേയുടെ പകുതി അകലെ ഗോ എറൗണ്ട് ‘ആഹ്വാനം ഉണ്ടായിരുന്നിട്ടും, നിര്‍ബന്ധമായും’ അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.