‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.
ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ സിനിമ മല്‍സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2014- ല്‍ നടന്ന, ഐഎഫ്എഫ്ഐയുടെ 45-ാമത് എഡിഷനില്‍ ദി ‘കിന്ഡര്ഗാര്ട്ടന് ടീച്ചര്‍’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് നാദവ് ലാപിഡിനാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിെ അവതരിപ്പിച്ച സരിത് ലാറിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. എട്ടു വര്‍ഷം മുന്‍പ് അന്നത്തെ ആ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ ജൂറി തലവനായാണ് ലാപിഡിന്റെ ഇന്ത്യയിലേക്കുള്ള വരവ്. മണി കണ്‍ട്രോളുമായി നടത്തിയ അഭിമുഖത്തില്‍, ജൂറിയുടെ ചെയര്‍മാനെന്ന നിലയിലുള്ള തന്റെ റോളിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ആരാധനയെക്കുറിച്ചും ലാപിഡ് സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി തലവനായി താങ്കള്‍ക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കാമോ?
ഒരു ദിവസം ഞാന്‍ എന്റെ ഇമെയില്‍ തുറന്നപ്പോഴാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഒരു മെയില്‍ കണ്ടത്. ജൂറി ചെയര്‍മാനാകാന്‍ ക്ഷണിച്ചു കൊണ്ടുള്ള മെയിലായിരുന്നു അത്. അതിനു മുന്‍പ് ഒരിക്കലും ഞാന്‍ ഇന്ത്യയില്‍ പോയിട്ടില്ലാത്തതിനാലും എന്റെ സിനിമകള്‍ ഗോവന്‍ ഫെസ്റ്റിവലിലും ഇന്ത്യയിലെ മറ്റു ചലച്ചിത്ര മേളകളിലും പല തവണ പ്രദര്ശിപ്പിച്ചിട്ടുള്ളതിനാലും അതൊരു അവസരമായി
ഞാന്‍ കണക്കാക്കി. എനിക്ക് ഒരുപാട് സിനിമകള്‍ കാണാനുള്ള അവസരമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം ജൂറിയുടെ ഭാഗമാകുന്നത് എന്റെ ചിന്തയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഒരു കാര്യമായിരുന്നു. അങ്ങനെ ആ ക്ഷണം ഞാന്‍ സ്വീകരിച്ചു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ എന്‍ട്രികള്‍ കാണുമ്ബോള്‍ ജൂറി പിന്തുടരുന്ന മാനദണ്ഡം എന്താണ്? താങ്കള്ദിവസവും എത്ര സിനിമകള്‍ കണ്ടു? എല്ലാ ദിവസവും സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നോ?
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ ഒരുപാട് സിനിമകള്‍ കണ്ടു. ബെര്‍ലിനില്‍ ഒഴികെ, ഇത്രയധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. ഞാന്‍ ഒരു ജൂറി അധ്യക്ഷനായതിനാല്‍ തന്നെ, ദിവസവും എന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പങ്കുവെയ്ക്കാന്‍ എനിക്ക് താത്പര്യം ഇല്ലായിരുന്നു. കാരണം ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ. ഇപ്പോള്‍ താമസിക്കുന്ന പാരീസിലായാലും ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകാനാണ് എനിക്കിഷ്ടം. ഒരു സിനിമയെക്കുറിച്ച് സ്വയം ആലോചിക്കാനാണ് എനിക്കിഷ്ടം, അല്ലാതെ അതേക്കുറിച്ച് പെട്ടെന്ന് ചര്‍ച്ചകള്‍ തുടങ്ങാനല്ല. എന്നാല്‍ മറ്റുള്ളവര്‍ അതേക്കുറിച്ച് സംസാരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് അവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാനും കഴിയില്ല. ഈ മേളക്കിടയും അങ്ങനെ സംഭവിച്ചു. ആ സിനിമ നല്ലതായിരുന്നു, അല്ലെങ്കില്‍ ആ സിനിമയിലെ ചില കാര്യങ്ങള്‍ നല്ലതായിരുന്നു എന്നൊക്കെ പറയുമ്ബോള്‍ എന്റെ അഭിപ്രായവും പറയാതിരിക്കാന്‍ കഴിയില്ല. അങ്ങനെ നോക്കുമ്ബോള്‍, മേളയില്‍ ഞാന്‍ കണ്ട സിനിമകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ താങ്കള്‍ നടത്തിയ ഒരു പ്രസ്താവന വിവാദമായല്ലോ. ‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വിമര്‍ശിക്കാന്‍ വള്‍ഗര്‍, പ്രൊപ്പഗാണ്ട തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതില്‍ ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കളുമെല്ലാം അസ്വസ്ഥരാണ്. അവരുടെ അത്തരം ആശങ്കകള്‍ക്ക് താങ്കള്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ആരെങ്കിലും എന്റെ സിനിമയെ വള്‍ഗര്‍ സിനിമയെന്നോ പ്രൊപ്പഗാണ്ട സിനിമയെന്നോ വിശേഷിപ്പിച്ചാല്‍ സ്വാഭാവികമായും എനിക്കും വേദനിക്കും എന്റെ സിനിമകളെ കുറിച്ച് എത്രയോ പരുഷമായ വാക്കുകളും, അതേസമയം ഒരുപാട് അഭിനന്ദനങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. ചില വിമര്‍ശനങ്ങളും കടുപ്പമുള്ള വാക്കുകളും കേട്ടപ്പോള്‍ എനിക്കു തന്നെ ദേഷ്യം വന്നിട്ടുണ്ട്. അത് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. അത്തരം വാക്കുകള്‍ ഉപയോഗിച്ചവരെ ഞാന്‍ വെറുത്തിട്ടുണ്ട്, അവര്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും വിയോജിച്ചിട്ടുണ്ട്. ഇത്തരം പ്രതികരണങ്ങളൊക്കെ സാധാരണമാണ്.
തീവ്രസ്വഭാവമുള്ളതോ, വിവാദപരമോ ആയ സിനിമകള്‍ നിങ്ങള്‍ എത്രയധികം ചെയ്യുന്നുവോ അത്രയധികം നിങ്ങള്‍ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടും. എന്റെ അഭിപ്രായം അവരെ മുറിവേല്‍പ്പിച്ചിരിക്കാം. അതു ഞാന്‍ പൂര്‍ണമായും മനസിലാക്കുന്നു. അത് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമയെന്ന് കരുതുന്നവരും ഉണ്ട്. അവര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തെയും ഞാന്‍ മാനിക്കുന്നു. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇതൊരു വള്‍ഗര്‍, പ്രൊപ്പഗാണ്ട ചിത്രമാണ്. അത്തരമൊരു സിനിമ മല്‍സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു.
ഒരുപക്ഷേ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം, ഞാന്‍ പറയുന്നത് ശരിയുമാകാം. എങ്കിലും ഈ വാക്കുകള്‍ കൊണ്ടു മാത്രമേ ആ സിനിമയെ നിര്‍വചിക്കാനാകൂ എന്നും ഞാന്‍ പറയുന്നില്ല. എനിക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയാത്തതിനാലാണോ അതോ ഇവിടെ നടക്കുന്ന പലതും മനസിലാകാത്തതിനാലണോ, എന്തു കൊണ്ടാണെന്ന് അറിയില്ല, ഇത്രയും ശക്തമായ പ്രതികരണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. കശ്മീരില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല ഞാന്‍ സംസാരിച്ചത്. ആ കഷ്ടപ്പാടുകളും ദുരന്തങ്ങളും നിഷേധിക്കുകയോ കുറച്ചു കാണുകയോ അല്ല ഞാന്‍ ചെയ്തത്. ജൂറി ചെയര്‍മാനായാണ് എന്നെ ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചത്. ഞാന്‍ എന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ കണ്ട സിനിമകളെ കുറിച്ചും എനിക്ക് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചും ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ചുമെല്ലാമാണ് സംസാരിച്ചത്. എനിക്കും അഭിപ്രായങ്ങളുണ്ട്. മത്സരത്തില വിഭാഗത്തിലെ ജൂറി തലവനായി എന്നെ നിയമിച്ച ആളുകള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല.
നിങ്ങള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍, സിനിമാ ചരിത്രത്തില്‍ പ്രൊപ്പഗാണ്ട സിനിമകള്‍ എന്ന് വിളിക്കാവുന്ന മറ്റു പല സിനിമകളും കണ്ടെത്താന്‍ കഴിയും. ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ഒരാള്‍ക്കു വേണമെങ്കില്‍ പറയാം. ഒരു തരത്തില്‍ നോക്കുമ്ബോള്‍, ആ അഭിപ്രായം ശരിയാണെന്നും ചിലര്‍ക്ക് തോന്നിയേക്കാം. ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ ഒരു ഗംഭീര സിനിമയാണ്. വേണമെങ്കില്‍
ഒരു ദിവസം രണ്ടു തവണ ആ സിനിമ എനിക്ക് കാണാന്‍ സാധിക്കും. ഞാന്‍ വൈരുദ്ധ്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. പലപ്പോഴും നല്ലത് എന്നു വിളിക്കപ്പെടുന്നവയെക്കാള്‍ മനോഹരമാണ് മോശമെന്നു വിളിക്കപ്പെടുന്ന ചിത്രങ്ങള്‍. എന്റെ സിനിമകള്‍ അത്തരത്തില്‍ ഉള്ളവയാണ്.
സിനിമ സംവിധാനത്തില്‍ സ്വന്തം രാജ്യത്ത് നിന്നുള്ള ജനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നോ എന്തെങ്കിലും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ എന്നെ കണക്കറ്റ് വിമര്‍ശിച്ചിട്ടുണ്ട്. ഒരു വ്യക്തിത്വമില്ലാത്ത ആളല്ല ഞാന്‍. ഇസ്രയേല്‍ സര്‍ക്കാരുമായി സ്ഥിരമായി കലഹത്തിലേര്പ്പെടേണ്ടി വന്നയാളാണ് ഞാന്‍. വിമര്‍ശനാത്മക സിനിമകള്‍ മാത്രം ചെയ്യുന്നയാളല്ല ഞാന്‍. അത് എന്റെ അജണ്ടയാണ്. മറ്റൊരു അര്‍ത്ഥത്തില്‍ ഞാന്‍ വിമര്‍ശനാത്മക സിനിമ ചെയ്യുന്നുണ്ട്. എന്തെന്നാല്‍ നിങ്ങള്‍ ഒരു പ്രദേശവുമായി വളരെ അടുത്തിടപെഴകുന്നുവെന്ന് വയ്ക്കുക. അവിടെ കാണുന്ന ഒരു ചെറിയ കുന്ന് പോലും നിങ്ങള്‍ക്ക് ഒരു പര്‍വ്വതമായി തോന്നും. നിങ്ങള്‍ വളരെയധികം വികാരധീനനാകും. ഞാന്‍ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഒരു വാക്യമുണ്ട്; ‘എന്താണ് എന്റെ മാതൃരാജ്യം? ഞാന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട ഒരു സ്ഥലം’ ആണത്. എനിക്ക് ഇസ്രായേലുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ എന്നെ ഭ്രാന്തനാക്കുന്നത്. ആ വികാരങ്ങള്‍ എന്റെ സിനിമയിലൂടെ കടന്നുപോകുന്നു. ഞാന്‍ ഒരു ഇരയല്ല. എന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായ അഹെദ്സ് നീ ഇസ്രായേലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയെപ്പറ്റി എല്ലാത്തരം ആളുകളില്‍ നിന്ന് അഭിപ്രായം ലഭിച്ചു. എന്റെ മകനെ അവര്‍ വെടിവെയ്ച്ച് കൊല്ലുമെന്നും വീട് ആക്രമിക്കുമെന്നും ഒക്കെ പറഞ്ഞു. മറ്റൊരു പദവിയിലായിരുന്നെങ്കില് തീര്‍ച്ചയായും ഞാന്‍ വിഷമിച്ചേനെ. ഇങ്ങനെ അപമാനിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തനിച്ചായിരിക്കുന്നതാണ് ഒരു കലാകാരന് ഏറ്റവും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ജൂറിയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ഗോവയിലെ നിങ്ങളുടെ പദവിയെ എങ്ങനെ കാണുന്നു?
ഈ ഔദ്യോഗിക പദവിയുടെ നിര്‍വചനവുമായി എനിക്ക് ബന്ധമില്ല. ഒരു ഫിലിം ഫെസ്റ്റിവലിന് വേണ്ടി സിനിമ കാണാന്‍ തുടങ്ങുമ്ബോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. എന്തിനാണ് ഞാന്‍ ഈ സിനിമ കാണുന്നത്, എനിക്ക് വേറെ എന്തൊക്കെ ജോലിയുണ്ട് എന്നൊക്കെ. എന്നാല്‍ മികച്ചയൊരെണ്ണം തെരഞ്ഞെടുക്കാനായി ഞാന്‍ പരിശ്രമിക്കും. ഒരു പ്രസിഡന്റ് ആയിരുന്നുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് വിലയിരുത്താന്‍ എനിക്ക് സാധിക്കും. ഒടുവില്‍ അര്‍ഹിക്കുന്ന സിനിമയ്ക്ക് അംഗീകാരം ലഭിക്കുന്നതിനെ ഞാന്‍ പ്രശംസിക്കും. ഈ മനോഭാവം ഏറ്റവും മികച്ച ചിത്രത്തിന് അവാര്‍ഡ് നല്കാന് എന്നെ പ്രാപ്തനാക്കുന്നു.
എന്നാല്‍ ഇവിടെ എനിക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നാണ് തോന്നിയത്. ഞാന്‍ ചെയ്യുന്നത് ഫിലിം ഫെസ്റ്റിവലിനോടും അതിനെക്കാളുപരി ഇന്ത്യയോടുമുള്ള കടമയാണ്. അഭിപ്രായം പറയാന്‍ ക്ഷണിച്ചാല്‍ സത്യം മാത്രം പറയണം എന്ന് എനിക്ക് തോന്നി. ഫെസ്റ്റിവലില്‍ എന്നെയാണ് ക്ഷണിച്ചത്. വേറെയാരെയുമല്ല. അവര്‍ക്ക് വേറെ ആരെ വേണമെങ്കിലും ക്ഷണിക്കാമായിരുന്നു എന്നിട്ടും അവര്‍ എന്നെയാണ് ക്ഷണിച്ചത്. ഇന്ന് ഞാന്‍ പാരിസിലാണ്. എന്നാല്‍ ഇന്നലെ ഞാന്‍ ഇന്ത്യയിലായിരുന്നു. എനിയ്ക്ക് മുന്നില്‍ വേറെ വഴികളൊന്നുമില്ലായിരുന്നു. ഒരു ഇസ്രയേല്‍ പൗരനെന്ന നിലയില്‍ ഓരോ വര്‍ഷവും എന്റെ രാജ്യത്തിന് നിര്‍മ്മിക്കപ്പെടുന്ന സിനിമകളെപ്പറ്റി എനിക്ക് ഭയം തോന്നാറുണ്ട്.
കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ ഒരു ഏഷ്യന്‍ സംവിധായകനൊടൊപ്പം എഹെഡ്സ് നീ (Ahed’s Knee) എന്ന ചിത്രത്തിന് താങ്കള്‍ക്ക് ജൂറി പുരസ്കാരം ലഭിച്ചിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഇന്ത്യന്‍ സിനിമയേത്? ഇഷ്ടപ്പെട്ട ഏതെങ്കിലും ഇന്ത്യന്‍ സംവിധായകരുണ്ടോ?
ഞാനും ഒരു ഏഷ്യന്‍ സംവിധായകനാണ്. അപിചത്പോംഗിന് (തായ് ചലച്ചിത്ര നിര്‍മ്മാതാവ്, ലാപിഡിനൊപ്പം മെമ്മോറിയ എന്ന ചിത്രത്തിന് കാനില്‍ ജൂറി പുരസ്കാരം പങ്കുവച്ചത് അദ്ദേഹമാണ്) എന്റെ അഭിനന്ദനം ആവശ്യമില്ല. അദ്ദേഹത്തോടൊപ്പം ഈ അവാര്‍ഡ് പങ്കിടാന്‍ സാധിച്ചത് അഭിമാനകരമാണ്. ഇന്ത്യന്‍ കണ്ടംപററി സിനിമകള്‍ എനിക്ക് അത്ര പരിചിതമല്ല. അത് ഞാന്‍ സമ്മതിക്കുന്നു. ഇത് ഒരു ക്ലീഷെ ആണെന്ന് ഞാന്‍ പറയും. എന്നാല്‍ ഞാന്‍ സത്യജിത് റായ് ചിത്രങ്ങളുടെ ഒരു ആരാധകനാണ്. പക്ഷേ അത് വളരെക്കാലം മുമ്ബായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില ഇന്ത്യന്‍ സിനിമകള്‍ എന്നെ ചിരിപ്പിച്ചവയാണ്. അതിലൊന്നാണ് Court. ചൈതന്യ തംഹാനെ എന്ന മറാത്തി സംവിധായകന്റെ സിനിമയായിരുന്നു അത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ദി ഡിസിപ്ലിന്‍ (The Disciple) ആണ് രണ്ടാമത്തേത്. ലഞ്ച്ബോക്സ് എന്ന സിനിമയും എനിക്കിഷ്ടപ്പെട്ടു.
ദി കിന്ഡര്ഗാര്ട്ടന് ടീച്ചര്‍ (The Kindergarten Teacher) എന്ന ചിത്രത്തിന് ഗോവയില്‍ വച്ച് അവാര്‍ഡ് ലഭിച്ചിരുന്നു. അതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള രണ്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ആ സമയത്ത് എനിക്ക് ഗോവയിലെത്താന്‍ സാധിച്ചിരുന്നില്ല. ഫോട്ടോഗ്രഫി ഡയറക്ടറും നടി സരിത് ലാറിയുമാണ് അവാര്‍ഡ് ദാന ചടങ്ങിനെത്തിയത്. എനിക്ക് വരണമെന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് എന്റെ ഫോട്ടോഗ്രാഫി ഡയറക്ടര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഇത്തവണ ഗോവയില്‍ വച്ചുള്ള എന്റെ ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹത്തിന് അസൂയ തോന്നിയിട്ടുണ്ട്. എന്നാല്‍, എന്റെ ജോലി കുറച്ച് കഠിനമായിരുന്നു. ഇന്ത്യയില്‍ എനിക്ക് നിലവില്‍ ഏറ്റവും നന്നായി അറിയാവുന്ന സ്ഥലം സ്ക്രീനിംഗ് റൂമും ഹോട്ടലും മാത്രമാണ്. തിരികെ പോയി ഗോവ ശരിയ്ക്കും കാണണമെന്നുണ്ട്.
(മണികണ്‍ട്രോളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)