മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.
ഇതിനിടയിൽ കേസിൽ നിലപാട് വ്യക്തമാക്കി സ്പെഷൽ പ്രോസിക്യൂട്ടർ രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പൊലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാൻ കാരണമെന്ന് അഡ്വ. വി ടി രഘുനാഥ് പറഞ്ഞു. തനിക്കെതിരെ സംശയമുയർന്ന സാഹചര്യത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തുടരുന്നതിൽ താൽപര്യക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.