നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും സര്‍ക്കാരിനും എതിരെ പ്ലക്കാര്‍ഡുമായെത്തി മുദ്രാവാക്യങ്ങള്‍ മുഴക്കി. അഴിമതി ഭരണം തുലയട്ടെ എന്നാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ജനുവരി 28 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാദങ്ങളുടെ സാഹചര്യത്തിൽ സമ്മേളനം ചുരുക്കാനും സാധ്യതയുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. തുടർന്ന് ഗവര്‍ണറുടെ അഭ്യര്‍ത്ഥന മാനിക്കാതെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
സ്പീക്കര്‍ രാജി വെച്ച് സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്വര്‍ണ്ണക്കടത്തിന്റെയും അഴിമതിയുടേയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മുഖ്യ ആസൂത്രകന്‍ പിണറായി വിജയന് ആണെന്നുമെഴുതിയ ബാനറും പ്രതിപക്ഷമുയര്‍ത്തി.
ഈ മാസം 15 ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. 18 മുതല്‍ 20 വരെ പൊതുചര്‍ച്ച നടത്തും. അന്തിമ ഉപധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21-ന്. നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25-ന് നടക്കും. സമ്മേളനം 28-ന് അവസാനിക്കും.