തിരുവനന്തപുരം: ബാങ്കിങ് നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് കേരള ബാങ്കിന് പിഴയിട്ടു.
48 ലക്ഷം പിഴ അടക്കാനാണ് നിര്‍ദേശം. സ്വര്‍ണപ്പണയവുമായി ബന്ധപ്പെട്ട ചട്ടം പാലിച്ചില്ല, സഹകരണ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചു എന്നിവയാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. അതേസമയം, കേരള ബാങ്ക് രൂപവത്കരണത്തിനു മുമ്ബ് നബാര്‍ഡ് കണ്ടെത്തിയ ന്യൂനതയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് പിഴയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
2019 നവംബര്‍ 29നാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ചേര്‍ന്ന് കേരള ബാങ്ക് രൂപവത്കരിച്ചത്. അതിനു മുമ്ബുള്ള സാമ്ബത്തിക വര്‍ഷത്തെ പരിശോധനയിലെ ന്യൂനതയിലാണ് നടപടി. റിസര്‍വ് ബാങ്ക് നിയമ പ്രകാരം സഹകരണ ബാങ്കുകള്‍ അവരുടെ കരുതലും മൂലധനവും ചേര്‍ന്ന സ്വന്തം ഫണ്ടിന്റെ രണ്ടു ശതമാനം മാത്രമേ മറ്റു സഹകരണ സ്ഥാപനങ്ങളില്‍ ഓഹരി ഇനത്തില്‍ നിക്ഷേപിക്കാന്‍ അനുവാദമുള്ളൂ. ഐ.എഫ്.എഫ്.സി.ഒ, പരിയാരം മെഡിക്കല്‍ കോളജ്, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളില്‍ ഓഹരി മൂലധനം ഇനത്തില്‍ നിക്ഷേപിക്കുന്നതിലെ നിയന്ത്രണം പാലിക്കാതിരുന്നതും രണ്ടു ലക്ഷത്തിനു മേല്‍ നല്കുന്ന സ്വര്‍ണപ്പണയ വായ്പകളില്‍ മുതലിലും പലിശയിലും പ്രതിമാസ തിരിച്ചടവ് നടത്താതിരുന്നതുമാണ് പിഴചുമത്താന്‍ കാരണമെന്ന് ബാങ്ക് വിശദീകരിച്ചു.
ആര്.ബി.ഐ നിയമ പ്രകാരം ബുള്ളറ്റ് പേമെന്റ് ആയി (പലിശയും മുതലും ഒരുമിച്ച് അടക്കുന്ന രീതി) തിരിച്ചടക്കാവുന്ന സ്വര്‍ണപ്പണയ വായ്പാ തുക രണ്ടു ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിന് മുകളില്‍ നല്കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്ക് പ്രതിമാസം മുതലും പലിശയും തിരിച്ചടക്കണം. ഈ മാര്‍ഗരേഖ പാലിക്കാത്തതിന് കൂടിയാണ് പിഴ. കേരള ബാങ്ക് രൂപവത്കരണ ശേഷം ഈ ന്യൂനത പൂര്‍ണമായി പരിഹരിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.സി.ഒ, പരിയാരം മെഡിക്കല്‍ കോളജ്, മംഗല്യസൂത്ര സഹകരണ സൊസൈറ്റി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഓഹരി തിരികെ ലഭിക്കാന്‍ കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം നിരന്തരം അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ സംഘങ്ങള്‍ നടപടി സ്വീകരിക്കാത്തതും കേരള ബാങ്കിന് ദോഷകരമായെന്ന് അധികൃതര്‍ പറഞ്ഞു.