ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ വീണ്ടും പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്.
ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. നിഷു കുമാര്‍, ഹര്‍മന്‍ജ്യോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.
വാസ്കോയിലെ തിലക് മൈദാനില്‍ നടന്ന മത്സരത്തില്‍ പതിവുപോലെ ആദ്യ പകുതിയിലെ ആധിപത്യത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് നിഷു വലകുലുക്കിയത്. സീസണില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാര്‍ട്ടിങ് ഇലവനിലിറങ്ങിയ നിഷു പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഒഡിഷയുടെ വലുകുലക്കിയത്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിന് തലവച്ച് ഖബ്ര ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ ആദ്യ ഗോള്‍ നേടി. ഇന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായി കളത്തിറങ്ങിയ അഡ്രിയാന്‍ ലൂണയാണ് രണ്ട് ഗോളിനും വഴിതെളിച്ചത്.
രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം ജൊനാഥസ് ജെസ്യുസിനെ ഇറക്കി ഒഡിഷ് തിരിച്ചടിച്ച് ശ്രമിച്ചു. എന്നാല്‍ ചെറുപ്പക്കാരനായ റൂയിവ് ഹോര്മിപാവും പരിചയസമ്ബന്നനായ എനെസ് സിപോവിച്ചും ചോര്‍ന്ന ബ്ലാസ്റ്റേഴ്സ് സെന്റര്‍ ബാക്ക് ജോഡി ചെറുത്തുനിന്നു. ചില ഘട്ടങ്ങളില്‍ ഇരുവരേയും മറികടക്കാന്‍ ജെസ്യൂസിനായെങ്കിലും ഗോള്‍ പ്രഭ്സുഖാന്‍ ഗില്ലിന് മുന്നില്‍ കീഴടങ്ങി. മറുവശത്ത് ബ്ലാസ്റ്റേഴ്സും ഗോള്ശ്രമങ്ങളള് നടത്തി. എന്നാല്‍ ഫൈനല്‍ തേര്‍ഡിലെ പോരായ്മകള്‍ ഗോളെണ്ണം കൂട്ടുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു.