13 ദിവസമായിട്ടും കൊവിഡ് നെഗറ്റീവ് ആവാത്തതിൽ നിരാശ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇവാൻ നിരാശ അറിയിച്ചത്. പല തവണ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടും അദ്ദേഹം പോസിറ്റീവായിരുന്നു. ’13 ദിവസമായി ഐസൊലേഷനിലാണ്. ഇനിയും പുറത്തിറങ്ങാനായിട്ടില്ല. നിരാശയും ദേഷ്യവുമൊക്കെയുണ്ട്.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊവിഡ് ബാധിച്ച് ഐസൊലേഷനിലായിരുന്ന പല താരങ്ങളും നെഗറ്റീവായി കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിനിറങ്ങിയിരുന്നു. ഇവാൻ നെഗറ്റീവ് ആവാത്തതിനാൽ സഹ പരിശീലകൻ ഇഷ്ഫാഖ് അഹ്മദ് ആണ് പരിശീലനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്. ഈ മാസം 30നാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
നിലവിൽ പോയിൻ്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഒരു മത്സരം കൂടുതൽ കളിച്ച് അത്ര തന്നെ പോയിൻ്റുള്ള ഹൈദരാബാദാണ് ഒന്നാമത്. ഗോൾ വ്യത്യാസമാണ് ഹൈദരാബാദിനെ ഒന്നാമത് എത്തിച്ചത്.