കോന്നി: കേരള മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷന് റേസിന്റെ ഭാഗമായി കോന്നി താലൂക്കില്‍ പരിശോധന നടത്തി.
78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളില്‍ 1,18,000 രൂപ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അനധികൃത രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ ഏഴുദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കാത്തപക്ഷം രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിനും നിര്‍ദേശം നല്കി. പരിശോധന സമയത്ത് വാഹനം നിര്‍ത്താതെപോവുക, അപകടകരമായി ഡ്രൈവിങ് നടത്തുന്ന വാഹനങ്ങള്‍ സിഗ്നല്‍ നല്‍കിയിട്ടും നിര്‍ത്താതെപോവുക എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത ദിവസം വാഹന ഉടമകള്‍ക്കെതിരെ ചെല്ലാന്‍ തയാറാക്കും.
അപകടകരമായ വിധമോ അമിതവേഗത്തിലോ നിരന്തരമായി വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹന നമ്ബര്‍, ഫോട്ടോ, വിഡിയോ എന്നിവ അതത് ജോയന്റ് ആര്.ടി.ഒ, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എന്നിവര്‍ക്ക് സന്ദേശം അയക്കാം. ഇതിനുള്ള മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.
പത്തനംതിട്ട ആര്.ടി.ഒ ദീലു എ.കെയുടെ നിര്‍ദേശാനുസരണം കോന്നി ജോയന്റ് ആര്.ടി.ഒ സി. ശ്യാം, എം.വി.ഐ കെ.ജെ. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പത്തനംതിട്ട എം.വി.ഐമാരായ അജയകുമാര്‍, സൂരജ്, ശരത് ചന്ദ്രന്, റാന്നി എം.വി.ഐ സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.