കോവിഡ് പരിശോധനക്കായി സര്‍ക്കാര്‍ വാങ്ങിയ ആന്റിജന്‍ കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ തിരിച്ചയച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് സംഭരിച്ച മുപ്പതിനായിരത്തിലേറെ കിറ്റുകളാണ് മടക്കിയയച്ചത്. കിറ്റുകളിലെ പരിശോധഫലം വ്യക്തമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പൂനെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷന്‍സില്‍ നിന്ന് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് കേരള മെഡിക്കല്‍ സെര്‍വിസസ് കോര്പറേഷന് വാങ്ങിയത്. ഇതില്‍ 62, 858 കിറ്റുകള്‍ ഉപയോഗിച്ചു. എന്നാല്‍ 5,020 കിറ്റുകളിലെ പരിശോധന ഫലം വ്യക്തമായിരുന്നില്ല. ആന്റിജന്‍ പരിശോധനക്കായുള്ള സ്ട്രിപ്പില്‍ ഫലം വ്യക്തമാകാത്തതാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഫലം സ്ഥിരീകരിക്കാന്‍ വീണ്ടും മറ്റൊരു കിറ്റ് കൂടി ഉപയോഗിക്കേണ്ടി വന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 32,122 കിറ്റുകള്‍ തിരിച്ചയച്ചു. നാലുകോടി 59 ലക്ഷം രൂപ വിലവരുന്നതാണ് കിറ്റുകള്‍. ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് നല്കാന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധനയെ ബാധിക്കില്ല.