ഡല്‍ഹി: മുന്നറിയിപ്പിലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ തമിഴ്നാട് തുറക്കുന്നതിന് എതിരെ കേരളം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യും. ഇന്ന് തന്നെ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്നാടിനെ അറിയിച്ചതാണ്. എന്നാല്‍ തമിഴ്നാട് ഈ രീതി തുടര്‍ന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളം ആലോചിക്കുന്നത്.
ഇന്നലെ രാത്രിയില്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നു വിട്ടതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി. ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന വിവരം വളരെ വൈകിയാണ് തമിഴ്നാട്, ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. അതിനാല്‍തന്നെ തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികം സമയം ലഭിച്ചിരുന്നില്ല.
അതേസമയം, മുഖ്യമന്ത്രിക്ക് ഗൗരവമില്ലാത്തതിനാലാണ് തമിഴ്നാട് ഇങ്ങനെ പെരുമാറുന്നത്. മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടരുന്നതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും