സെമിഫൈനൽ ആദ്യ പാദം ബ്ലാസ്റ്റേഴ്സിന് ജയം

എട്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം പാദ സെമി ഫൈനലിൽ കരുത്തരായ ജംഷദ്പൂർ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കേരള ‌ബ്ലാസ്റ്റേഴ്സ് എഫ് സി. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൾ സമദാണ് (മുപ്പത്തിയെട്ടാം മിനുറ്റിൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. ആദ്യ പാദത്തിൽ ലീഡെടുത്തതോടെ രണ്ടാം പാദത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ ബ്ലാസ്റ്റേഴ്സിനാകും. ഈ മാസം പതിനഞ്ചിന് വാസ്കോ തിലക് മൈതാനിലാണ് ഈ മത്സരം.

സെമി കളിക്കാനെത്തിയ ടീമിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ മാറ്റങ്ങൾ വരുത്തി. പ്രതിരോധത്തിൽ ഹർമൻജോത്‌ ഖബ്ര തിരിച്ചെത്തി. റുയ്‌വാ ഹോർമിപാമും ഇടംകണ്ടെത്തി. സഞ്‌ജീവ്‌ സ്‌റ്റാലിനും മാർകോ ലെസ്‌കോവിച്ചുമായിരുന്നു മറ്റു പ്രതിരോധ താരങ്ങൾ. ഗോവയ്‌ക്കെതിരെ കളിച്ച എണെസ്‌ സിപോവിച്ച്‌, സന്ദീപ്‌ സിങ്‌ എന്നിവർ പുറത്തിരുന്നു. മധ്യനിരയിൽ ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും തിരിച്ചെത്തി. പുയ്‌ട്ടിയയും ഇടംപിടിച്ചു. കെ പി രാഹുലും ഗിവ്‌സൺ സിങ്ങും പുറത്തിരുന്നപ്പോൾ സഹൽ അബ്‌ദുൾ സമദ്‌, ആയുഷ്‌ അധികാരി എന്നിവർ തുടർന്നു. മുന്നേറ്റത്തിൽ ചെഞ്ചോയ്‌ക്ക്‌ പകരം അൽവാരോ വാസ്‌കസ്‌ തിരിച്ചെത്തി. കൂട്ടിന്‌ ജോർജ്‌ ഡയസും. ഗോൾ മുഖത്ത് പ്രഭ്സുഖൻ ഗിൽ. ജംഷഡ്‌പൂർ മുന്നേറ്റത്തെ ഡാനിയേൽ ചുക്വു ഗ്രെഗ്‌ സ്‌റ്റുവർട്ടുമാണ്‌ നയിച്ചത്‌. റിത്വിക്‌ ദാസ്‌, ജിതേന്ദ്ര സിങ്‌, പ്രൊണോയ്‌ ഹാൾദെർ, സീമെൻലെൻ ദുംഗൽ എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിൽ റിക്കി ലല്ലാവ്‌മാവ, എലി സാബിയ, പീറ്റർ ഹാർട്‌ലി, ലാൽഡിൻപുയ എന്നിവർ. വലയ്‌ക്ക്‌ മുന്നിൽ ടി പി രെഹ്‌നേഷ്‌.

കളിയുടെ തുടക്കത്തിൽ ജംഷഡ്പുരാണ് ആക്രമിച്ച് കളിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ശ്രദ്ധിച്ചു. ചുക്വുവിന്റെ വലതുപാർശ്വത്തിലൂടെയുള്ള അപകടരമായ നീക്കത്തെ ലെസ്കോവിച്ച് തടഞ്ഞു. പത്താം മിനിറ്റിലും ചിമയുടെ നീക്കം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ തട്ടിത്തകർന്നു. പന്ത് നിയന്ത്രണത്തിൽ ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. 17–ാം മിനിറ്റിൽ ഹാർട്ലിയുടെ ഹെഡർ ഗിൽ പിടിച്ചെടുത്തു. ഇരുപതാം മിനിറ്റിൽ പ്രതിരോധപ്പിഴവ് ബ്ലാസ്റ്റേഴ്സിന് വിനയാകേണ്ടതായിരുന്നു. ബോക്സിൽവച്ചുള്ള ചുക്വുവിന്റെ ഷോട്ട് പുറത്തേക്ക് പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു.

38–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷംവന്നെത്തി. അത്ഭുത ഗോളിലൂടെ സഹൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വീര്യമുണർത്തി. മധ്യവരയ്‌ക്ക്‌ പിന്നിലുള്ള വാസ്‌കസിലേക്ക്‌ ഡയസിന്റെ ചെറുപാസ്‌. വാസ്‌കസ്‌ പന്ത്‌ നിയന്ത്രിച്ചു. നേരെ മുന്നിൽ, ബോക്‌സിനെ ലക്ഷ്യമാക്കി നിൽക്കുന്ന സഹലിനെ കണ്ടു. പിന്നെ അതിമനോഹരമായ ക്രോസ്‌ . ഓടാൻ തുടങ്ങിയ സഹലിനെ തടയാൻ റിക്കി ശ്രമിച്ചെങ്കിലും പന്ത്‌ ജംഷഡ്‌പുർ താരത്തിന്റെ തലയിൽ തട്ടി. സഹലിന്‌ മുന്നിൽപന്ത്‌. ബോക്‌സ്‌ വിട്ട്‌ രെഹ്‌നേഷ്‌ സഹലിനെ തടയാനെത്തി. ഗോൾ കീപ്പറുടെ മുന്നിൽവച്ച്‌ മനസാന്നിധ്യം കൈവിടാതെ സഹൽ പന്ത്‌ കോരിയിട്ടു. രെഹ്‌നേഷിന്‌ തലയ്‌ക്ക്‌ മുകളിലൂടെ പന്ത്‌ പറന്നുപോകുന്നത്‌ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. റിക്കി തടുക്കാനായി ഓടിയെത്തുമ്പോഴേക്കും പന്ത്‌ വലയുടെ അകത്തേക്ക്‌ ഒഴുകിയിരുന്നു. ആദ്യപകുതി ആ ഗോളിന്റെ ആനുകൂല്യത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാനിപ്പിച്ചു.

58-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഒരിക്കൽക്കൂടി രെഹ്‌നേഷിനെ പരീക്ഷിച്ചു. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന്‌ ഖബ്രയുടെ ഒന്നാന്തരം ക്രോസ്‌ ഗോൾമുഖത്തേക്ക്‌ ചാഞ്ഞിറങ്ങി. ഡയസ്‌ അതിലേക്ക്‌ ചാടിയറങ്ങി തലകൊണ്ട്‌ കുത്തി. രെഹ്‌നേഷ്‌ പിടിച്ചെടുത്തു. പിന്നാലെ രെഹ്‌നേഷിനെ കീഴടക്കിയെങ്കിലും പോസ്‌റ്റ്‌ തടഞ്ഞു. ഇടതുഭാഗത്തുനിന്നുള്ള ലൂണയുടെ മിന്നുന്ന ഫ്രീകിക്കായിരുന്നു. മിന്നൽവേഗത്തിൽ കുതിച്ച ഷോട്ട്‌ പോസ്‌റ്റിന്‌ അകത്ത്‌തട്ടിത്തെറിക്കുകയായിരുന്നു. 71–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങൾ വരുത്തി.

വാസ്കസ്, ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിൻ എന്നിവർ കയറി. പകരം ചെഞ്ചോ, ജീക്സൺ സിങ്, സന്ദീപ് സിങ് എന്നിവർ കളത്തിലെത്തി. ചെഞ്ചോ ഇറങ്ങിയ നിമിഷംമുതൽ പ്രതിരോധത്തെ കീറി മുന്നേറി. ഇതിനിടെ ലൂണയുടെ ഷോട്ട് രെഹ്നേഷ് പിടിച്ചു. കളി അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും ജംഷഡ്പുർ പരുക്കൻ കളി പുറത്തെടുക്കാൻ തുടങ്ങി. ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു. 80–ാം മിനിറ്റിൽ ജംഷഡ്പുർ അവരുടെ സൂപ്പർതാരം സ്റ്റുവർട്ടിനെ പിൻവലിച്ചു. ഇതിനിടെ പകരക്കാരനായെത്തിയ അലെക്സ് ലിമയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു. 84–ാം മിനിറ്റിൽ കളിയിലെ സൂപ്പർ താരം സഹലിനെ പിൻവലിച്ചു. വിൻസി ബരെറ്റോ പകരമെത്തി. 87–ാം മിനിറ്റിൽ ജംഷഡ്പുരിന് അനുകൂലമായി ഫ്രീകിക്ക് കിട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശങ്കയിലായി. ലിമ തൊടുത്ത കിക്ക് അപകടരമായി ബോക്സിലേക്ക് കയറി. വലതുവശത്ത് നിന്നുള്ള ഇഷാൻ പണ്ഡിറ്റയുടെ കരുത്തുറ്റ ഷോട്ട് പോസ്റ്റിന് അരികിലൂടെ പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആശ്വസിച്ചു. പ്രതിരോധം ജാഗ്രതയോടെനിന്നു. ഇഞ്ചുറി ടെെമിലേക്ക്. ബ്ലാസ്റ്റേഴ്സ് അവസാന മാറ്റംവരുത്തി. ഡയസിന് പകരം പ്രതിരോധതാരം എണെസ് സിപോവിച്ച് കളത്തിലെത്തി. അവസാന നിമിഷംവരെ ബ്ലാസ്റ്റേഴ്സ് പൊരുതി. അർഹിച്ച ജയവും സ്വന്തമാക്കി. കൊച്ചിയിൽ ആഘോഷവും തുടങ്ങി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...