കന്നഡ സിനിമാ താരം മോഹൻ ജുനേജ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. പലതരം അസുഖങ്ങളെ തുടർന്ന് അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. ഹാസ്യതാരമായി സിനിമ ലോകത്ത് തന്റേതായ മുഖമുദ്ര പതിച്ച ആദ്ദേഹം സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
രാജ്യത്താകെ തരംഗം സൃഷ്ടിച്ച കെജിഎഫ് ചാപ്റ്റർ രണ്ടിൽ മോഹൻ ജുനേജയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. “ഗ്യാങുമായി വരുന്നവരാണ് ഗ്യാങ്സ്റ്റർ, അവൻ വന്നത് ഒറ്റയ്ക്കാണ്, മോൺസ്റ്റർ,” എന്ന ഒറ്റ പഞ്ച് ഡയലോഗിലൂടെയാണ് മോഹൻ ജുനേജ കെജിഎഫിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹൻ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. 100ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചതും വളർന്നതും. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കുമെന്നാണ് നിലവിലുള്ള വിവരം.