മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷങ്ങള്‍ അണിനിരക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് ഡല്‍ഹിയുടെ പലഭാഗത്തായി തുടക്കമായി.ഔദ്യോഗികമായി പരേഡ് ആരംഭിയ്ക്കാന്‍ ഇനിയും സമയം ബാക്കിയാണെങ്കിലും സിംഘു -ടിക്രി അതിര്‍ത്തിയില്‍ നിന്ന് റാലികള്‍ നേരത്തെ തുടങ്ങി. സിംഘുവില്‍ പൊലീസ് നിയന്ത്രണം വകവെക്കാതെയാണ് റാലിക്ക് തുടക്കമായത്. പൊലീസ് വച്ച ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനീക്കി കര്‍ഷകര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. തിക്രിയില്‍ കര്‍ഷകരും പൊലീസുമായി നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് നിയന്ത്രിച്ചു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സമരാനുഭവമായി ഐതിഹാസിക കിസാന്‍ പരേഡിനാണ് റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനം സാക്ഷിയാകുന്നത്. കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി കിസാന്‍ പരേഡുണ്ടാകും. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലെ ഔദ്യോഗിക പരേഡ് പകല്‍ 12ന് സമാപിച്ചശേഷമാകും നഗരത്തിനുള്ളിലേക്ക് കിസാന്‍ പരേഡ്. സിന്‍ഘുവില്‍നിന്നും ടിക്രിയില്‍നിന്നുമുള്ള പരേഡുകള്‍ 60 കിലോമീറ്ററിലേറെ ഡല്‍ഹിക്കുള്ളില്‍ സഞ്ചരിക്കും. ഗാസിപുരില്‍നിന്നുള്ള റാലി 40 കിലോമീറ്ററിലേറെ നഗരത്തിനുള്ളില്‍ നീങ്ങും. പൊലീസുമായുള്ള ചര്‍ച്ചയില്‍ നിശ്ചയിച്ച റൂട്ടിലൂടെ മൂന്ന് പരേഡും ഡല്‍ഹിക്കുള്ളിലൂടെ പുറത്തേക്ക് നീങ്ങും.