കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ 100 പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 156 ആയി. അറസ്റ്റ് ചെയ്തവരില്‍ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കസ്റ്റഡിയിലുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അറസ്്റ്റിലായ 24പേരെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഘര്‍ഷം ലേബര്‍ കമ്മിഷന് അന്വേഷിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്ഥലത്തെ ക്രമസമാധാനം എങ്ങനെ നഷ്ടമായെന്ന് പരിശോധിക്കുമെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ല്‍ അധികം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് നേരത്തെ എല്‍ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്. അന്തേവാസികളില്‍ മലയാളികളും ഉള്‍പ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു.