കിഴക്കമ്ബലം: കോവിഡ് സ്ഥിരീകരിച്ച ആള്‍ക്കൊപ്പം ഇടപഴകിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി എംഎല്‍എ അടക്കം എൺപതിലധികം ആളുകള്‍ സമ്ബര്ക്കത്തിലേര്പ്പെട്ടെന്ന പ്രചാരണം ആശങ്ക പരത്തുന്നു. വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കിടത്തിച്ചികിത്സാ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.
കുവൈറ്റില്‍നിന്നു മേയ് 27നു കൊച്ചിയില്‍ എത്തിയ 38 കാരിയായ പെരുമ്ബാവൂര്‍ കുറുപ്പുംപടി സ്വദേശിനിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. രോഗലക്ഷങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ 28നു കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വരിക്കോലി മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളജിലെ ക്വാറന്റൈന് കേന്ദ്രത്തിലായിരുന്ന ഇവരുമായി നേരിട്ടു സമ്ബര്‍ക്കത്തിലേര്‍പ്പെട്ടത് ഏഴിലധികം പേരാണെന്നാണു വിവരം. ഇവരില്‍ ഒരാളാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത വടവുകോട് ജൂണിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടറെന്നു പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, മൊബൈല്‍ കടക്കാരന്, ഭക്ഷണം പാകം ചെയ്തവര്‍ എന്നിങ്ങനെയുള്ളവരും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഇന്നലെ മുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ടെന്നു കളക്ടറേറ്റില്‍നിന്ന് അറിയിച്ചു.
ഇന്നലെ രാവിലെ 10.30 മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേറിയതായിരുന്നു വടവുകോട്ടെ ഉദ്ഘാടന പരിപാടി. ബിപിസിഎല്‍ റിഫൈനറിയില്‍നിന്നു നല്കിയ 88 ലക്ഷം രൂപ ഉപയോഗിച്ചാണ് മന്ദിരം നിര്‍മിച്ചത്.
ശാരീരിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ ചടങ്ങില്‍ ആശുപത്രിയിലെ രോഗികളടക്കമുള്ളവരും കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രനും ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. പരിപാടിയില്‍ ചായ നല്‍കുന്നതുള്‍പ്പെടെ വിവിധ ജോലികളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഏര്‍പ്പെട്ടിരുന്നതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ചടങ്ങ് നടത്തിയതിനെതിരേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു