ഐപിഎല്ലിലെ എട്ടാമത്തെ മത്സരത്തിൽ ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന് റസ്സല്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. 138 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത 14.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാല് വിക്കറ്റ് നേടിയ കൊല്‍ക്കത്ത പേസര്‍ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ അക്ഷരാർത്ഥത്തിൽ എറിഞ്ഞിടുകയായിരുന്നു കൊൽക്കത്തയുടെ ഉമേഷ് യാദവ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18 .2 ഓവറിൽ 137 റൺസ് മാത്രമെടുത്തു ഓൾഔട്ട് ആയി. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടു കൊടുത്തു നാല് വിക്കറ്റ് പിഴുത ഉമേഷ് യാദവാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. സീസണിലെ രണ്ടാമത്തെ ജയ൦ ലക്ഷ്യമിട്ടായിരുന്നു ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 200ന് മുകളിലുള്ള സ്കോർ പിന്തുടർന്ന് നേടിയ മികച്ച ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ പഞ്ചാബിനെ കൊൽക്കത്ത എറിഞ്ഞിടുകയായിരുന്നു. ടിം സൗത്തി രണ്ട് വിക്കറ്റ് നേടി.
രണ്ടാം ഓവറില്‍ രഹാനെയെയും അഞ്ചാം ഓവറില്‍ വെങ്കടേഷിനെയും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ശ്രേയസ് അയ്യര്‍ (26) രാഹുല്‍ ചാഹറിന്റെ പന്തില്‍ കഗിസോ റബാദയ്ക്ക് ക്യാച്ച് നല്കി. അതേ ഓവറില്‍ നിതീഷ് റാണ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏഴ് ഓവറില്‍ നാലിന് 51 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരിക്കുകയായിരുന്നു കൊല്‍ക്കത്ത. പിന്നീടാണ് രക്ഷകന് റസ്സലിന്റെ രൂപത്തില്‍ അവതരിച്ചത്.
എട്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്സ്. ഒഡെയ്ന്‍ സ്മിത്ത് എറിഞ്ഞ 12-ാം ഓവറില്‍ ഒരു എക്സ്ട്രാ ഉള്‍പ്പെടെ 30 റണ്‍സാണ് ബില്ലിംഗ്സ്- റസ്സല്‍ സഖ്യം അടിച്ചെടുത്തത്. നാല് സിക്സും ഒരു ഫോറും ആ ഓവറിലുണ്ടായിരുന്നു. ഇരുവരും 90 റണ്‍സാണ് കൊല്‍ക്കത്തയുടെ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്.
നേരത്തെ ടോസ് ലഭിച്ച കൊൽക്കത്ത, പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജ്പക്സെയും(31) കഗിസോ റബാദെയും(25) മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചുനിന്നത്. ശിഖർ ധവാൻ(16), ലിയാം ലിവിങ്സ്റ്റണ്(19), രാജ് ബാവ(11), ഹർപ്രീത് ബ്രാർ(14) എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ക്യാപ്റ്റൻ മായങ്ക് അഗർവാൾ(1), ഷാരൂഖ് ഖാൻ(0), രാഹുൽ ചാഹർ(0), അർഷ്ദീപ് സിംഗ്(0) എന്നിവർ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല