മുംബൈ എംസിഎ സ്റ്റേഡിയത്തിൽ ഐപിഎല്ലിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ പടുത്തുയർത്തിയ 162 എന്ന വിജയ ലക്ഷ്യം 24 ബോൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേസ് മറികടന്നു. 15 ബോളിൽ 56 റൺസ് എടുത്ത് പുറത്താവാതെ നിന്ന് പാറ്റ് കമ്മിൻസാണ് കളിയിലെ താരം. സാംസിന്റെ 16-ാം ഓവറില്‍ നാല് സിക്സറും രണ്ട് ഫോറും സഹിതം 35 റണ്‍സാണ് കമ്മിന്‍സ് ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത്.
41 ബോളിൽ 50 റൺസ് എടുത്ത വെങ്കടേഷ് അയ്യരും കൊൽക്കത്തയുടെ വിജയത്തിലെ നിർണായക ഘടകമായി. തുടക്കത്തിൽ 11 ബോളിൽ 7 റൺസ് എടുത്ത് അജിൻക്യാ രഹാനെയും 6 ബോളിൽ 10 റൺസ് എടുത്ത ശ്രേയസ് അയ്യരും നിരാശയ്ക്ക് കാരണമായെങ്കിലും കളിയുടെ അവസാന ഓവറുകളിൽ കൊൽക്കത്ത മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.
ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമ 12 പന്തിൽ നിന്ന് വെറും മൂന്ന് റൺസുമായി മടങ്ങിയത് ആരാധകരെ നിരാശരാക്കി.രോഹിത്തിന് പിന്നാലെ ഡോവാൾ ബ്രെവിസ് 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് മുന്നേറുന്ന താരത്തെ വരുൺ ചക്രവർത്തി കീഴടക്കുകയായിരുന്നു. 22 പന്തിൽ നിന്ന് 14 റൺസ് എടുത്ത് ഇഷാൻ കിഷൻ പുറത്തായതോടെ മുംബൈ ആരാധകരുടെ വിജയ പ്രതീക്ഷ മങ്ങുകയായിരുന്നു.
എന്നാൽ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് ഷോയില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മികച്ച സ്കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38 ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാന ഓവറില്‍ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിന്‍സിനെ പറത്തി 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ പ്രകടനം നിര്‍ണായകമായി.