കൊച്ചി മെട്രോ നിർമ്മാണത്തിൽ അപാകത പറ്റിയെന്ന് സമ്മതിച്ചു ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് പഠിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. തൂണിന്റെ അടിത്തറ ബലപ്പെടുത്തുവാനുള്ള ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംഎആൽഎൽ അറിയിച്ചിട്ടുണ്ട്. ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിർമാണം.
കൊച്ചി പത്തടിപ്പാലത്തെ തൂണിന്റെ പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ 347-ാം നമ്പർ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു.
ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്റെ അലൈൻമെന്റിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്.
മെട്രോ തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ല. തൂണിന്റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്റെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആർഎൽ തയ്യാറായിട്ടില്ല.