കൊച്ചി: എറണാകുത്തേക്കുള്ള പ്രധാന സബർബൻ ഹബ്ബായ തൃപ്പൂണിത്തുറയിലേക്ക് മെട്രോ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ ഇന്നും നാളെയുമായി പേട്ട-എസ്.എൻ ജംഗ്ഷൻ മെട്രോ റെയിൽ പാതയുടെ ട്രയൽ റൺ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 12 മണി മുതൽ നാളെ പുലർച്ചെ വരെയും നാളെ രാത്രി 12 മണി മുതൽ ചൊച്ചാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺ.
പാതയുടെ ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് പാത നിർമാണം ആരംഭിച്ചത്. കൊറോണയെ തുടർന്നുള്ള ലോക്ക്ഡൗണിൽ പ്രോട്ടോകോൾ പാലിച്ച് സമയബന്ധിതമായാണ് നിർമാണം നടന്നിരുന്നത്. പൈലിംഗ് നടത്തി 27 മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കി. 453 കോടി രൂപയാണ് ആകെ നിർമാണ ചിലവ്.
മെട്രോ പാത എസ്.എൻ ജംഗ്ഷൻ വരെ എത്തുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 22ൽ നിന്ന് 24 ആയി ഉയരും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്.