കൊച്ചി മേയര്‍ സൗമിനി ജെയിന്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂട്ടിയും കിഴിച്ചും ഇടത്-വലത് മുന്നണികള്‍. സംസ്ഥാനത്ത് ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് കൊച്ചി കോര്‍പ്പറേഷനാണ്. എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാന പോരാട്ടമാണ് കൊച്ചി കോര്‍പ്പറേഷനിലേത്.
ഹാട്രിക് നേട്ടം സ്വന്തമാക്കാനാണ് ഇത്തവണ യുഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊച്ചി കോര്പ്പറേഷന് ഭരണം യുഡിഎഫിനാണ്. ഇത്തവണ കൂടി ജയിച്ച് ഹാട്രിക് സ്വന്തമാക്കാനാണ് യുഡിഎഫ് പരിശ്രമിക്കുക.
അതേസമയം, എല്‍ഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്. 1971 മുതല്‍ 2010 വരെ മൂന്ന് പതിറ്റാണ്ട് കൊച്ചി കോര്പ്പറേഷന് ഭരണം എല്‍ഡിഎഫിന്റെ കൈവശമായിരുന്നു. ശക്തമായ പോരാട്ടത്തിലൂടെയാണ് എല്‍ഡിഎഫില്‍ നിന്ന് കൊച്ചി ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
2010 ല്‍ ടോണി ചമ്മണിയെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇടത് കോട്ട പൊളിച്ചടുക്കിയത്. പിന്നീട് 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആധിപത്യം നിലനിര്‍ത്തിയ യുഡിഎഫിനുവേണ്ടി സൗമിനി ജെയിന് മേയറായി.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന് തിരിച്ചടിയായേക്കും. സൗമിനി ജെയിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുകളുണ്ട്. സൗമിനിയെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോര്‍പ്പറേഷനില്‍ ആകെയുള്ള 74 സീറ്റുകളില്‍ 38 എണ്ണത്തിലും ജയിച്ചാണ് 2015 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. എല്‍ഡിഎഫിന്റെ നേട്ടം 23 സീറ്റിലൊതുങ്ങുകയായിരുന്നു. ഇത്തവണ ഇരു കൂട്ടരും സംസ്ഥാന നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ശ്രമിക്കുക. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന എറണാകുളം മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പമാണ് കൊച്ചി നഗരസഭയിലെ പ്രധാനപ്പെട്ട ഇടങ്ങളെല്ലാം നിന്നത്. അതുകൊണ്ട് തന്നെ യുഡിഎഫിന് മേല്ക്കെെയുണ്ട്.
വെള്ളിയാഴ്ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.
ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം-ഡിസംബര്‍ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം-ഡിസംബര്‍ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
നവംബര്‍ 19-വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂഷ്മപരിശോധന നവംബര്‍ 20-ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഭാസ്കരന് വ്യക്തമാക്കി.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.