തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമവതരിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൊടകര കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്നും അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണ്. കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അടക്കം 206 സാക്ഷികളുണ്ട്. കേസിന്റെ അന്വേഷണം തുടരുകയാണ്. കുഴല്‍പ്പണം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയിട്ടുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.