ഇന്നലെ അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി-20യിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ മത്സരിച്ച് പവലിയനിലേക്ക് മടങ്ങിയപ്പോഴും നായകൻ നെഞ്ചും വിരിച്ച് നിന്നു. ഒടുവിൽ പുറത്താകാതെ നേടിയ 77 റൺസുമായാണ് കോലി മടങ്ങിയത്. പക്ഷേ കോലിക്കരുത്തില്‍ നേടിയ 156 റണ്‍സ് പോരായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍. ടീം തോറ്റുപോയെങ്കിലും കോലി വ്യത്യസ്തമായൊരു റെക്കോർഡുമായാണ് ക്രീസ് വിട്ടത്.
ടീമിലെ മറ്റു ബാറ്റ്സ്മാന്മാർക്ക് ആരും 30 റണ്‍സിനു മുകളില്‍ നേടാതെയിരുന്ന മത്സരത്തില്‍ ഒരു ബാറ്റ്സ്മാന് ഒറ്റയ്ക്ക് 70 റണ്‍സിന് മുകളില്‍ നേടിയ റെക്കോർഡില്‍ ഒന്നാം സ്ഥാനത്തെത്തി കോലി. അഞ്ചു പ്രാവശ്യമാണ് ഇതുവരെ കോലിയുടെ ഇന്നിങ്സില്‍ അങ്ങനെ സംഭവിച്ചിട്ടുള്ളത്.
കോലിക്ക് പിറകില്‍ നാലു തവണ ഇതേ നേട്ടം ആവർത്തിച്ച ശ്രീലങ്കയുടെ മഹേല ജയവർധനയും, രണ്ടു പ്രാവശ്യം ഈ നേട്ടത്തിലെത്തിയ എട്ടുപേരുമുണ്ട്.