ജിയാസ് ജമാൽ ||OCTOBER 22,2021
തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടികയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്, മുന്‍ പ്രസിഡന്റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും എങ്കില്‍ പട്ടിക കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു.
എന്നാല്‍ പുതിയ കെപിസിസി ഭാരവാഹിപ്പട്ടികയില്‍ എല്ലാവര്ക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ പട്ടികയെ എല്ലാവരെയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നതാണ് സമീപനം. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നീണ്ട ചര്‍ച്ചകള്‍ക്കും തിരുത്തലുകള്ക്കുമൊടുവിലാണ് കെ പി സി സി ഭാരവാഹി പട്ടികയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയത്. 56 പേരടങ്ങുന്നതാണ് പട്ടിക. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദീഖ്, നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍, എന്നിവരുള്‍പ്പെടുന്നതാണ് പട്ടിക.