കെ എസ് ആർ ടി സി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഇന്ന് ലഭിച്ചേക്കും. 50 കോടി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകുന്നത്. ശമ്പളം നൽകുന്നതിനായി സർക്കാരും 30 കോടി സഹായം നൽകിയിരുന്നു. അതേസമയം ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കും. ബി എം എസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല ധര്‍ണ്ണ ആരംഭിക്കും.
ഈസ്റ്റര്‍ കഴിഞ്ഞിട്ടും ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം ശക്തമാക്കുന്നത്. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്താനാണ് ബിഎംഎസ്സിന്റെ തീരുമാനം. അതിനിടെ സിഐടിയു ആരംഭിച്ച റിലേ സമരം തുടരുകയാണ്. നാളെ ചീഫ് ഓഫീസിലേക്ക് സിഐടിയു ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടുകയുള്ളുവെന്ന വകുപ്പ് മന്ത്രിയുടെ നിലപാടില്‍ സിഐടിയു ഇന്നലെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.