തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്നാട് കള്ളകുറിച്ച് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം മലയ ജംഗ്ഷന് മുന്നിൽ വെച്ച് തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസ് ആണ് ഇയാളെ ഇടിച്ചത്.
റോഡ് മുറിച്ച് കടക്കുകയായിരുന്ന പരസ്വാമിയെ കെ-സ്വിഫ്റ്റ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയെന്നും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കെ-സ്വിഫ്റ്റ് ബസാണ് ഇടിച്ചതെന്ന് വ്യക്തമായത്.
അതേസമയം, വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ കേരളത്തിന്റെ കെ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിനവും അപകടത്തിൽപ്പെട്ടിരുന്നു. ഇന്നലെ മലപ്പുറം കോട്ടക്കലിൽവെച്ചാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടത്. നേരത്തെ തിരുവനന്തപുരത്തെ കല്ലമ്പലത്തും, മലപ്പുറത്തെ ചങ്കുവെട്ടിയിലുവെച്ച് ബസ് അപകടത്തിൽപ്പെട്ടിരുന്നു. സർവീസുകൾ ആരംഭിച്ചു ഇരുപത്തി നാലു മണിക്കൂറിനിടെയാണ് കെ സ്വിഫ്റ്റ് ബസ്സുകൾ മൂന്നു വട്ടം അപകടത്തിൽപ്പെട്ടത്. തിങ്കളാഴ് മുതലാണ് കെ-സ്വിഫ്റ്റ് ബസുകൾ സർവ്വീസ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു സർവ്വീസുകൾ ഉദ്ഘാടനം ചെയ്തത്.