കൊച്ചി: ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചു പൂട്ടുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്കൂളുകള്‍ ലയിപ്പിക്കുന്നതിന്റെ മറവിലാണ് അടച്ച് പൂട്ടല്‍. 15 ഓളം സ്കൂളുകളാണിതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്കൂളുകള്‍ അടച്ചു പൂട്ടിയതായി ആണ് റിപ്പോര്‍ട്ട്. മറ്റ് ചില സ്കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.
ഇതിനിടെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്. വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് െകാച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടര്‍ വിളിച്ചു. നിലവില്‍ രണ്ട് എയര്‍ ആംബുലന്‍സുകളാണ് ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നല്‍കാനാണ് നീക്കം.