കൊച്ചി∙ ലക്ഷദ്വീപിന്റെ നിയമാധികാരം കേരള ഹൈക്കോടതിയില്‍നിന്നു കര്‍ണാടക ഹൈക്കോടതിയിലേക്കു മാറ്റാനുള്ള ശുപാര്‍ശ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറിയതായി വിവരം.
മുന്‍പും ഇതിനുള്ള നീക്കം നടന്നിരുന്നതായി സൂചനയുണ്ട്.അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള ഒട്ടേറെ കേസുകള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതോടെ നീക്കം വീണ്ടും സജീവമായി. 11 റിട്ട് ഹര്‍ജികളടക്കം 23 കേസുകള്‍ കേരള ഹൈക്കോടതിയിലുണ്ട്.
ഭരണഘടനപ്രകാരം ഹൈക്കോടതി മാറ്റത്തിനു പാര്‍ലമെന്റാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇത്തരം ഒരു ശുപാര്‍ശയും ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധവുമാണെന്നും കലക്ടര്‍ എസ്.അസ്ഗര്‍ അലി പറഞ്ഞു.
ദ്വീപിലെയും കേരളത്തിലെയും ഭാഷ മലയാളമായതിനാലാണു ദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമാധികാര പരിധിയില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും ഇതു മാറ്റുന്നതു ദോഷം ചെയ്യുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
നിലവില്‍ കോടതി രേഖകളെല്ലാം മലയാളത്തിലാണ്. കര്‍ണാടക ഹൈക്കോടതിയിലേക്കു കേസുകള്‍ മാറ്റിയാല്‍, ദ്വീപുകാര്‍ക്കു ഭാഷാപ്രശ്നം മൂലം നീതി നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. കേസുകളുടെ നടത്തിപ്പിന്, 400 കിലോമീറ്റര്‍ അകലെയുള്ള കൊച്ചിയിലെത്തുന്നതിനു പകരം 1000 കിലോമീറ്ററെങ്കിലും അകലെ ബെംഗളൂരുവിലെത്തേണ്ടിവരും.
നിലവിലെ കേസുകളെല്ലാം വീണ്ടും കേള്‍ക്കേണ്ടി വരുന്നതിന്റെ ചെലവു കൂടി കണക്കിലെടുക്കുമ്ബോള്‍ ഖജനാവും ചോരും.ഹൈക്കോടതി മാറ്റാനുള്ള ശ്രമത്തെ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു.