അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ആദരമർപ്പിക്കാനായി മത്സരത്തിനിടെ ജഴ്സിയൂരിയതിന് ലയണല്‍ മെസിക്ക് 600 യൂറോ പിഴ. സ്പാനിഷ് സോക്കര്‍ ഫെഡറേഷനാണ് നടപടിയെടുത്തത്. 600 യൂറോയാണ് (53,215.16 രൂപ) പിഴ. 180 യൂറോ പിഴയടക്കാൻ ബാഴ്സലോണയ്ക്കും നിർദേശം ലഭിച്ചിട്ടുണ്ട്.
ലാലിഗയില്‍ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷമാണ് സൂപ്പർ താരം മെസ്സി ജഴ്സിയൂരി മറഡോണയുടെ പഴയ 10-ാം നമ്പര്‍ ജഴ്സിയണിഞ്ഞ് ആദരമര്‍പ്പിച്ചത്. ഇതിന് തൊട്ട് പിന്നാലെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു. മറഡോണയ്ക്ക് ആദരമര്‍പ്പിച്ചുള്ള പ്രവൃത്തിയായതിനാല്‍ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്സലോണ സ്പാനിഷ് സോക്കര്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഫെഡറേഷൻ ഇത് നിരസിക്കുകയായിരുന്നു.
ആർട്ടിക്കിൾ 93 പ്രകാരം ജഴ്സി ഊരി മാറ്റുന്ന കളിക്കാരെ അതിനുള്ള കാരണം എന്തുതന്നെയായാലും ശിക്ഷിക്കണം എന്നാണ് ചട്ടമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.