നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പോലീസ് മേധാവി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റാൻ സാധ്യത. മൂന്ന് വർഷമോ, അതിലേറെയോ ആയി ക്രമസമാധാന ചുമതലയില്‍ ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. അതേസമയം ഡിജിപി, ചീഫ് സെക്രട്ടറി തസ്തികകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം കര്‍ശനമായി ബാധകമല്ലാത്തതിനാല്‍ ബെഹ്റയെ മാറ്റിയേക്കില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
പൊലീസ് മേധാവിയുടെ കാര്യത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, സംസ്ഥാന സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന് എന്നിവര്‍ യോജിച്ചൊരു തീരുമാനമെടുത്താല്‍ മതിയാകും. നിലവിലുള്ള ഡിജിപിക്കെതിരെ ഗുരുതര പരാതികളുണ്ടെങ്കില്‍ മാത്രമേ ഡിജിപിയെ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുകയുള്ളൂ എന്നും വിലയിരുത്തലുണ്ട്.
ഡിജിപി റാങ്കില്‍ ബെഹ്റക്ക് ശേഷം സീനിയോരിറ്റിയില്‍ യഥാക്രമം വരുന്നത് ഋഷി രാജ് സിംഗ്, ആര് ശ്രീലേഖ, അരുണ്‍കുമാര്‍ സിന്‍ഹ,ടോമിന് ജെ തച്ചങ്കരി എന്നിവരാണ്. എന്നാൽ ഋഷിരാജ് സിംഗ് അടുത്ത വര്‍ഷം ജൂലൈയിലും ആര് ശ്രീലേഖ ഈ മാസം അവസാനവും വിരമിക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എസ് പി ജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ തല്ക്കാലം മടങ്ങിവരാനിടയില്ല. ഈ സാഹചര്യത്തില്‍ ടോമിന് ജെ തച്ചങ്കരിയും, സുദേഷ് കുമാറുമാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവർ.