കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നുവിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജാരാന്‍ സമയം നല്‍കിയിട്ടും മെഹ്നാസിനെ എത്താത്തതിനാലാണ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടിയാണ് നോട്ടീസ്.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്കിയ വിവരം. പിന്നാലെയാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും അടുത്ത ദിവസം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇത് ലഭിക്കുന്ന മുറയ്ക്ക് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.
കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.