സനോജ് എ എസ് || SEPTEMBER 21,2021
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു് തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉളളതെന്നും മന്ത്രി അറിയിച്ചു.
‘തിയറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതി’- സജി ചെറിയാന് പറഞ്ഞു.
തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്. നേരത്തെ കോവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയറ്റുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയറ്റുകള്‍ അടയ്ക്കുകയായിരുന്നു.