കാളികാവ്: മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ പി.എഫ്.സി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സംഘാടകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ 15 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തില്‍ നിറയെ കാണികളുണ്ടായിരുന്നു.
ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകള്‍ ഗാലറിയിലെത്തിയതാണ് അപകടത്തിനു കാരണമായത്. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാല്‍ ഔട്ടര്‍ ലൈനില്‍ വരെ ആളുകള്‍ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകര്‍ന്ന് വീണത്. ഫ്ലഡ് ലൈറ്റും നിലംപൊത്തി.
സ്റ്റേഡിയം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുക്കുമെന്നും സംഘാടകസമിതി അറിയിച്ചു. കഴിഞ്ഞദിവസം പെയ്ത മഴയെ തുടര്‍ന്ന് ഗാലറിയുടെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.