ജനുവരി 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) ആദ്യമായി പ്രദര്‍ശിപ്പിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ആരവത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്.
‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പ്രേക്ഷകര്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും കാണാന്‍ തിയറ്ററുകളില്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.
മമ്മൂട്ടി കമ്ബനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിക്ക് പുറമേ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്, സഞ്ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുക.