മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.
മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ എത്ര എത്ര മമ്മൂട്ടിക്കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില് ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്ക്കുന്നു. വടക്കന്‍ പാട്ടുകഥകളിലെ ജീവിതവും കണ്ണീരും ചിരിയും പകയുമെല്ലാം മലയാളി കേട്ടതത്രയും ചതിയന്‍ ചന്തുവിന്റെ ശബ്ദഭാവത്തില്‍.
കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കും. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചത്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.