പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് സിറ്റിയുടെ വിജയം. 38 മത്സരങ്ങളിൽ 29 ജയം സഹിതം 93 പോയിൻ്റാണ് സിറ്റിക്കുള്ളത്. ഒരു പോയിൻ്റ് മാത്രം കുറവുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 75 മിനിട്ടുവരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷമാണ് സിറ്റി തിരികെവന്നത്. 37ആം മിനിട്ടിൽ മാറ്റി കാഷിലൂടെ എത്തിഹാദിനെ ഞെട്ടിച്ച ആസ്റ്റൺ വില്ല 69ആം മിനിട്ടിൽ ഫിലിപ്പ് കുട്ടീഞ്ഞോയിലൂടെ ലീഡുയർത്തി. അപ്പുറത്ത് വോൾവ്സിനെതിരെ ലിവർപൂൾ സമനില പാലിക്കുകയായിരുന്നു. കിരീടം സിറ്റിയിൽ നിന്ന് അകന്നുപോവുകയാണോ എന്ന് ആരാധകർ ആശങ്കപ്പെടാൻ തുടങ്ങി. എന്നാൽ, 76ആം മിനിട്ടിൽ സിറ്റി മത്സരത്തിലേക്ക് തിരികെവന്നു. റഹീം സ്റ്റെർലിങിൻ്റെ അസിസ്റ്റിൽ നിന്ന് ഇൽക്കെ ഗുൺഡോഗാൻ വില്ല ഗോൾ കീപ്പറെ മറികടന്നു. രണ്ട് മിനിട്ടുകൾക്ക് ശേഷം സിറ്റി വീണ്ടും ഗോളടിച്ചു. ഇത്തവണ റോഡ്രിയാണ് ഗോൾവല ഭേദിച്ചത്. ഈ ഗോളോടെ സിറ്റി കളിയിൽ സമനില പിടിച്ചു. മൂന്ന് മിനിട്ടുകൾക്കുള്ളിൽ തൻ്റെ രണ്ടാം ഗോളിലൂടെ ഗുൺഡോഗാൻ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. വെറും അഞ്ച് മിനിട്ടുകൾക്കുള്ളിൽ മൂന്ന് ഗോൾ തിരിച്ചടിച്ച സിറ്റി ജയവും കിരീടവും സ്വന്തമാക്കി.
വോൾവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന ലിവർപൂൾ രണ്ടാമതാണ്. മൂന്നാം മിനിട്ടിൽ പെഡ്രോ നെറ്റോയിലൂടെ വോൾവ്സ് ആദ്യം തന്നെ ലീഡെടുത്തു. 24ആം മിനിട്ടിൽ സാദിയോ മാനെയിലൂടെ സമനില പിടിച്ച ലിവർപൂൾ 84ആം മിനിട്ടിൽ മുഹമ്മദ് സലയിലൂടെ ലീഡെടുത്തു. 89ആം മിനിട്ടിൽ ആൻഡ്രൂ റോബർട്ട്സൺ നേടിയ ഗോളിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി വിജയം നേടുകയും ചെയ്തു.
ചെൽസി മൂന്നാമതും ടോട്ടനം നാലാമതും ഫിനിഷ് ചെയ്തു. ആഴ്സണൽ അഞ്ചാമതും മാഞ്ചസ്റ്റർ യുണൈറ്റഡും ആറാമതുമാണ്.