തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രശസ്ത നൃത്ത കലാകാരി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്.
മന്‍സിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷം നേതൃത്വം നല്കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.
ഏപ്രില്‍ 21ന് ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ മന്‍സിയക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് മന്‍സിയക്ക് അവസരം നിഷേധിച്ചത്. ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം വിളിച്ചറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സിപിഎം നേതാവ് യു.പ്രദീപ് മേനോനാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന്. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.