മാഡ്രിഡ്
പിഎസ്ജി മുന്നേറ്റക്കാരന് കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്. 1400 കോടി രൂപയാണ് ഇരുപത്തിരണ്ടുകാരന് റയലിന്റെ വാഗ്ദാനം. പിഎസ്ജി വിടാനുള്ള മോഹം ഫ്രഞ്ചുകാരന് വ്യക്തമാക്കി. അടുത്തവര്‍ഷം ജൂണ്‍ വരെ കരാറുണ്ടെങ്കിലും തുടരാനില്ലെന്ന് എംബാപ്പെ ക്ലബ്ബിനെ അറിയിച്ചു. ലയണല്‍ മെസിയുടെ വരവോട് കൂടിയാണ് എംബാപ്പെ തീരുമാനമെടുത്തത്. മുന്നേറ്റത്തില്‍ മെസിയും നെയ്മറും ഒത്തുചേര്‍ന്നാല്‍ അവസരം കുറയുമെന്നാണ് താരത്തിന്റെ കണക്കുക്കൂട്ടല്‍. 2017 മുതല്‍ പിഎസ്ജിയിലുണ്ട് എംബാപ്പെ. 174 കളിയില്‍ 133 ഗോളടിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ മുന്നേറ്റത്തില്‍ മികച്ച കളിക്കാരനെ തേടുകയാണ് റയല്‍. കരീം ബെന്സെമയെമാത്രം ആശ്രയിച്ചാണ് നിലവില്‍ കളിക്കുന്നത്. ഈ സീസണില്‍ പ്രധാന താരങ്ങളായ സെര്‍ജിയോ റാമോസും റാഫേല്‍ വരാനെയും ടീം വിട്ടതും ക്ഷീണമായി. പ്രതിരോധക്കാരന് ഡേവിഡ് അലാബയെമാത്രമാണ് ഇത്തവണ ടീമില്‍ എത്തിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധിയും ടീമിനെ ഞെരുക്കി.