പാരിസ്/മഡ്രിഡ്: സമകാലിക ഫുട്ബാളിലെ വമ്ബന്‍ താരക്കൈമാറ്റങ്ങളിലൊന്നാവുമെന്ന് കരുതപ്പെട്ടിരുന്ന ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപെ പി.എസ്.ജിയില്‍ തുടരുമെന്നുറപ്പായതോടെ ഫുട്ബാള്‍ ലോകത്ത് പുതിയ വിവാദമുയരുന്നു.
എംബാപെയെ അവസാന നിമിഷം കൈവിട്ടുപോയയ റയല്‍ മഡ്രിഡും ലാ ലിഗ അധികൃതരും പി.എസ്.ജിക്കെതിരെ രംഗത്തെത്തി. യൂറോപ്യന്‍ ഫുട്ബാളിന്റെ സാമ്ബത്തിക സന്തുലിതത്വത്തെ ബാധിക്കുന്നതാണ് പി.എസ്.ജിയുടെ നീക്കമെന്ന് ലാ ലിഗ കുറ്റപ്പെടുത്തി. യുവേഫയില്‍ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പി.എസ്.ജിയുടെ നീക്കം ഫുട്ബാളിന് അപമാനകരമാണെന്ന് റയലും കുറ്റപ്പെടുത്തി. എംബാപെയുടെ കാര്യത്തില്‍ സംഭവിച്ചത് ഇഞ്ചുറി സമയത്തെ ആന്റി ക്ലൈമാക്സായിരുന്നു. സ്വന്തം നാട്ടിലെ ക്ലബ് വിട്ട് റയലിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കാറ്റില്‍പറത്തി 23കാരന് പി.എസ്.ജിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടിയതോടെ പാരിസില്‍ ആഘോഷമായി.
അതേസമയം, റയല്‍ മഡ്രിഡിനും പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനും കനത്ത തിരിച്ചടിയായി എംബാപെയുടെയും പി.എസ്.ജിയുടെയും അപ്രതീക്ഷിത നീക്കം.
ഈ സീസണോടെ കരാര്‍ അവസാനിക്കുന്നതിനാല്‍ പി.എസ്.ജിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച എംബാപെ റയലുമായി ഏറക്കുറെ ധാരണയിലെത്തിയതായായിരുന്നു കഴിഞ്ഞദിവസം വരെയുള്ള സൂചന. ഫ്രീട്രാന്സ്ഫറായതിനാല് റയലിന് പി.എസ്.ജിയുമായി ചര്‍ച്ച നടത്തേണ്ടതില്ലാത്തതിനാല്‍ എംബാപെയുടെ തീരുമാനം മാത്രം മതിയായിരുന്നു കൂടുമാറ്റം യാഥാര്‍ഥ്യമാവാന്‍.
എന്നാല്‍, അപകടം മണത്ത പി.എസ്.ജി ഉടമ നാസര്‍ അല്ഖലൈഫിയുടെ അവസാന നിമിഷത്തിലെ അവസരോചിത ഇടപെടലാണ് കളി പി.എസ്.ജിക്ക് അനുകൂലമാക്കിയത്. എംബാപെയുടെ പ്രതിഫലം കുത്തനെ ഉയര്‍ത്തി (തുക പുറത്തുവിട്ടിട്ടില്ല) ക്ലബിലെ ഏറ്റവും പ്രതിഫലമുള്ള താരമാക്കിയത് കൂടാതെ കരാര്‍ ഒപ്പുവെക്കല്‍ തുകയായി നൂറു ദശലക്ഷം യൂറോയുടെ ബോണസും പ്രഖ്യാപിച്ചു.
സ്പോര്‍ട്ടിങ് ഡയറക്ടര്‍ ലിയണാര്ഡോയെ പുറത്താക്കുകയും ടീമില്‍ അഴിച്ചുപണി നടത്തുകയും ചെയ്യുന്നതടക്കമുള്ള മാറ്റങ്ങളും അല്ഖലൈഫി എംബാപെക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. വരും സീസണിലേക്ക് ലക്ഷ്യമിട്ട രണ്ടു സൂപ്പര്‍ സ്ട്രൈക്കര്‍മാരും കൈവിട്ടുപോയത് റയലിന് കനത്ത ആഘാതമായി. റയല്‍ നോട്ടമിട്ട എര്‍ലിങ് ഹാലന്‍ഡിനെ അടുത്തിടെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. ഇതോടെ എംബാപെയിലായിരുന്നു റയലിന്റെ പ്രതീക്ഷ.