തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ രണ്ടാം പ്രതി വഫ നജീം സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ പകര്‍പ്പ് സര്‍ക്കാരിന് നല്‍കാത്തതുമായി ബന്ധപ്പെട്ട് വഫക്ക് വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശം.
വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വഫയെ രൂക്ഷമായി വിമര്‍ശിച്ചത്. തുടര്‍ന്ന് വിടുതല്‍ ഹര്‍ജി സെപ്തംബര്‍ രണ്ടിന് മുമ്ബ് പ്രോസിക്യൂഷന് നല്കാന് ഉത്തരവിട്ട ജഡ്ജി കെ കെ ബാലകൃഷ്ണന് സെപ്തംബര്‍ രണ്ടിന് വാദം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം കുറ്റപത്രത്തില്‍ സെപ്തംബര്‍ രണ്ടിന് ഇരു ഭാഗവും വാദം ബോധിപ്പിക്കാനും ഉത്തരവിട്ടു.
ശ്രീറാമും വഫയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി. അതേസമയം കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പായ 304 ( (ii)) ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് സെഷന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ ഏപ്രിലില്‍ സെഷന്‍സ് കോടതി ഉത്തരവിട്ട വേളയിലാണ് പ്രോസിക്യൂഷന് പകര്‍പ്പ് നല്കാതെയുള്ള വഫയുടെ രഹസ്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്. കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കാതെ മൂന്നുതവണ സമയം തേടിയ പ്രതികള്‍ കോടതി അന്ത്യശാസനം നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് രഹസ്യ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമപരമായി ഇത് നിലനില്‍ക്കില്ലെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗാമായായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം. സെഷന്‍സ് കോടതിയിലേക്ക് കൈമാറിയ കേസില്‍ കുറ്റപത്രത്തില്‍ വാദം ബോധിപ്പിക്കുന്നതിന് മുമ്ബ് തന്നെ വിടുതല്‍ ഹര്‍ജി നല്കിയ പ്രതിഭാഗത്തിന്റെ നീക്കത്തിനെതിരായിരുന്നു കോടതിയുടെ വിമര്‍ശം.
കേസില്‍ താന്‍ നിരപരാധിയാണെന്നും കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് വഫാ നജീം കോടതില്‍ നല്കിയ അപേക്ഷയില്‍ പറയുന്നത്. നേരത്തെ വിടുതല്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ കുറ്റപത്രം വായിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കെ എം ബഷീര്‍ കാറിടിച്ചു കൊലപ്പെടുത്തിയ കവടിയാര്‍ മ്യൂസിയം റോഡിലെ സി സി ടിവി ദൃശ്യങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്കിയ ഹര്‍ജി കാരണം കോടതി നടപടികള്‍ വിചാരണ കോടതിക്ക് കൈമാറാന്‍ കഴിയാതെ കോടതി നടപടികള്‍ ഒരു വര്‍ഷം നീണ്ടുപോയിരുന്നു.
2019 ആഗസ്റ്റ് മൂന്ന് പുലര്ച്ചെ് ഒരു മണിക്കാണ് 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും പെണ് സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരിച്ചത്. സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന് നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു