മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്നും കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ട് സഹോദരനായ മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. അബ്ദു റഹ്മാ ന് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കെ.എം. ബഷീര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചാണ് കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്നും യാഥാര്‍ഥ്യം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ബഷീറിനും ശ്രീറാം വെങ്കിട്ടരാമനും പരസ്പരം അറിയാമായിരുന്നെന്ന് താന്‍ അടുത്തിടെയാണ് അറിഞ്ഞതെന്ന് ഹര്ജിക്കാരന് വ്യക്തമാക്കുന്നു. കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുള്ള ബന്ധത്തെക്കുറിച്ച് ബഷീറിന്റെ പക്കല്‍ തെളിവുകളുണ്ടായിരുന്നെന്നു ഹര്ജിക്കാരന് ആരോപിക്കുന്നു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.